ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സുദീര്‍ഘവും പ്രസിദ്ധവുമായ ഒരു ചരിത്രം ഈ പ്രദേശത്തിനുണ്ട്. സാമൂതിരി രാജവംശത്തോട് ഏതാണ്ട് തുല്യമായ പ്രശസ്തിയും പ്രതാപവുമുണ്ടായിരുന്ന കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ചിറക്കല്‍. ഏഴിമല കേന്ദ്രമാക്കി ഭരിച്ച മൂഷകവംശത്തിന്റെ പരമ്പരയാണ് കോലത്തിരി വംശം എന്ന് ചരിത്രം തെളിവു നല്‍കുന്നു. കോലത്തിരി രാജവംശഭരണത്തിന്‍ കീഴില്‍ വളരെ വിപുലമായ ഒരു പ്രദേശമായിരുന്നു ചിറക്കല്‍. ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലാകട്ടെ ഏറെക്കാലം ഇവിടം ചിറക്കല്‍ താലൂക്കായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടനാനുസൃതമുണ്ടായ റവന്യൂ വിഭജനത്തെ തുടര്‍ന്നാണ് ഈ പ്രദേശം ഇന്നത്തെ ചിറക്കല്‍ പഞ്ചായത്തുപ്രദേശമായി ചുരുങ്ങിയത്. ഇന്നത് 3330 ഏക്കറായി വ്യാപിച്ചുകിടക്കുന്നു. ചിറക്കല്‍ രാജകുടുംബത്തിനുവേണ്ടി രൂപപ്പെടുത്തിയ അതിബൃഹത്തായ നീരാട്ടുകുളം, ചിറ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഈ പ്രദേശത്തിന് ചിറക്കല്‍ എന്ന സ്ഥലനാമമുണ്ടായതെന്ന് അഭിപ്രായമുണ്ട്. 318 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയുമുള്ള, ഒരു പക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും വലുതെന്ന് പറയാവുന്ന ഈ കുളം അഥവാ ചിറ 14 ഏക്കര്‍ 70 സെന്റിലായി വ്യാപിച്ചുകിടക്കുന്നു. 1799 മുതല്‍ കോലത്തിരി രാജവംശത്തിന്റെ നേരിട്ടുള്ള ഭരണം അവസാനിച്ചു. രാജാവ് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും മാലിദെന്‍ എന്ന പേരില്‍ 22127 രൂപ 1 അണ 5 പൈസ പ്രതിഫലം പറ്റുന്ന ഒരു വന്‍കിടജന്മി മാത്രമായി മാറി. വളരെ വിലയേറിയൊരു സാംസ്കാരിക ചരിത്രപാരമ്പര്യം ചിറക്കലിനുണ്ട്. പുരാതനകവിത്രയങ്ങളിലൊരാളായ മഹാകവി ചെറുശ്ശേരി നമ്പൂതിരി ചിറക്കല്‍ കോവിലകത്ത് ആശ്രിതനായി കഴിഞ്ഞിരുന്നുവെന്ന് പറയപ്പെടുന്നു. ഇത് 15-ാം ശതകത്തിലാണ് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. കൊല്ലവര്‍ഷം 621 മുതല്‍ 650 വരെ രാജാവായി വാണ ഉദയവര്‍മ്മന്റെ കാലത്ത് സംസ്കൃത പണ്ഡിതന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും പ്രസ്തുത കോവിലകം വലിയ താല്‍പര്യം കാണിച്ചിരുന്നു. താളിയോലഗ്രന്ഥങ്ങളും അപൂര്‍വ്വ ചരിത്രരേഖകളും ശേഖരിച്ചു സൂക്ഷിച്ച നല്ലൊരു ഗ്രന്ഥാലയവും ഈ രാജവംശത്തിന്റേതായുണ്ടായിരുന്നു. ഒരു കാലത്ത് കൊല്ലാനും വെല്ലാനും അധികാരമുണ്ടായിരുന്ന ഈ കോവിലകം, കാര്‍ഷികപരിഷ്കരണത്തിനു മുമ്പ് വിപുലമായ ചിറക്കല്‍ താലൂക്കിലെ ഭൂരിഭാഗം ഭൂമിയും കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. വളപട്ടണം പുഴയോരത്ത് കോട്ടകൊത്തളങ്ങളും പഴയ പ്രതാപത്തിന്റെ അവശിഷ്ടങ്ങളും കുറേയേറെ വ്യക്തമായിത്തന്നെ ഇപ്പോഴുമുണ്ട്. കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം കോലത്തിരി രാജവംശത്തിന്റെ പരദൈവ പരമ്പരയില്‍ പെട്ടതാണ്. മറ്റൊന്ന് കടലായി ശ്രീകൃഷ്ണക്ഷേത്രമാണ്. ദാരുശില്പപ്രസിദ്ധമായ മേലവും ധന്വന്തരീക്ഷേത്രവും ശിവേശ്വരക്ഷേത്രവും ഇത്ര തന്നെ പ്രസിദ്ധമല്ലെങ്കിലും പ്രധാനപ്പെട്ടവ തന്നെയാണ്. ഈ രാജകുടുംബത്തിന്റെ പ്രതാപങ്ങളും ചെയ്തികളുമായി ബന്ധപ്പെട്ട ഏതാനും സ്ഥലനാമങ്ങള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. അവയിലൊന്നാണ് പുതിയ തെരുവിലെ അറവിലക്കണ്ടി. കുറ്റവാളികളെന്ന് കരുതപ്പെടുന്നവരെ മുക്കാലിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു കറുത്ത ചരിത്രം അതിന്റെ പിന്നിലുണ്ട്. അന്നത്തെ തമ്പുരാക്കന്‍മാര്‍ യാത്ര ചെയ്തിരുന്നത് പള്ളിച്ചാന്‍മാര്‍ എന്ന പേരിലറിയപ്പെടുന്ന പ്രത്യേക ജാതിക്കാരെക്കൊണ്ട് ചുമപ്പിച്ചുകാണ്ടുപോകുന്ന പല്ലക്കിലായിരുന്നു. അതിനു മുന്‍പില്‍ ഒരു ഭടന്‍ വാളുമേന്തി അകമ്പടി സേവിക്കുകയും, പല്ലക്കുവാഹകന്‍മാര്‍ രാജാവിന്റെ എഴുന്നള്ളത്തറിയിക്കുവാനും അയിത്തജാതിക്കാരെ അകറ്റിയോടിക്കുന്നതിനുമായി ഉച്ചത്തില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. രണ്ടു തലമുറയ്ക്കുമുമ്പ് ഈ രാജവംശത്തിലെ പ്രധാനി, ചിറക്കല്‍ രാമവര്‍മ്മ വലിയരാജ എന്നാണറിയപ്പെട്ടിരുന്നത്. അദ്ദേഹം അറിയപ്പെട്ട ഒരു സാംസ്കൃതപണ്ഡിതനും വിദ്യാഭ്യാസകാര്യത്തില്‍ അതീവ തല്‍പരനുമായിരുന്നു. അദ്ദേഹമാണ് രാജാസ് ഹൈസ്കൂളും, രാജാസ് യു.പി.സ്കൂളും സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്കൂളുകളിലൊന്നാണത്. ചിറക്കല്‍ പ്രദേശം തലമുറകള്‍ക്കു മുമ്പു തന്നെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രധാനസ്ഥാനം വഹിച്ചിരുന്നതായി കാണാവുന്നതാണ്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം 1864-ല്‍ സ്ഥാപിതമായ രാമഗുരു സ്കൂളാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കുറച്ചുകാലം ചിറക്കലെ പാതിരിപ്പറമ്പില്‍ താമസിച്ചതായറിയുന്നു.